പിണറായിയെ കെട്ടിപ്പിടിക്കാൻ ആരും പറഞ്ഞിട്ടില്ല, രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്; എം.എ. ബേബി

 

മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആരും രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇ.ഡിക്ക് വേണ്ടി സംസാരിക്കുന്ന ഏജന്റായി മാറുന്നത് രാഹുൽ അവസാനിപ്പിക്കണമെന്നും എം.എ. ബേബി വിമർശിച്ചു.

രാഷ്ട്രീയ വിയോജിപ്പുകൾ കാരണം പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി, പാർലമെന്റിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കാര്യം മറക്കരുത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ തിരിച്ചുവിടാൻ ആവശ്യപ്പെടുന്നത് രാഹുലിന്റെ ജോലിയല്ല. മുൻപ് ഇന്ത്യ മുന്നണിയിൽ ഒപ്പമുണ്ടായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെയും കോൺഗ്രസ് ഇതേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ട കാര്യം രാഹുൽ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും ആരോപണം എം.എ. ബേബി പൂർണ്ണമായി തള്ളി. ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുമ്പോഴും പാലിക്കേണ്ട അടിസ്ഥാന മര്യാദ രാഹുൽ ഗാന്ധി മറക്കരുതെന്നും, രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട അന്തസ്സിനെക്കുറിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.