മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് ആരും പറഞ്ഞിട്ടില്ല; സ്വർണക്കൊള്ളയിൽ ശ്രദ്ധ മാറ്റാൻ ശ്രമമെന്നും വി.ഡി. സതീശൻ

 

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരുമെന്ന ചർച്ചകളിൽ വ്യക്തത വരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും, ഈ വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപായി യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും അതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും വ്യക്തികളും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ വഴിതിരിച്ചുവിടാൻ സർക്കാർ ശ്രമിക്കുന്നതായും സതീശൻ ആരോപിച്ചു. സ്വർണക്കൊള്ളയിലെ യഥാർത്ഥ പ്രതികളെയും ക്രമക്കേടുകളെയും മറച്ചുപിടിക്കാൻ മറ്റ് വിവാദങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും പ്രതിപക്ഷത്തിന് ഭയമില്ല. സ്വർണക്കൊള്ളക്കേസിൽ ജയിലിലായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരും സിപിഎം നേതൃത്വവും ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും സതീശൻ അവകാശപ്പെട്ടു. മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമാനങ്ങൾ ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കടുത്ത പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.