വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

 

സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കാനും വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ യാതൊരു കാരണവശാലും മുറികൾ തുറക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദേശം നൽകി. പേരാമ്പ്രയിലും നെന്മാറയിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സീൽ ചെയ്യാത്ത മുറികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുതെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

പാലക്കാട് നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ച സംഭവത്തിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്. വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിനോട് ചേർന്നുള്ള മെറ്റീരിയൽ റൂം തുറക്കാനുള്ള നീക്കം രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു. 'ഫോം 17 A' എടുക്കാനും വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുമാണ് മുറി തുറക്കാൻ തീരുമാനിച്ചതെന്ന് പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചെങ്കിലും സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ മാത്രമേ ഇത്തരം നടപടികൾ പാടുള്ളൂവെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു.

അതേസമയം, കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുകയാണ്. ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ മുറികൾ ചട്ടങ്ങൾ ലംഘിച്ച് തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ റിപ്പോർട്ട് നൽകും. തുറന്നത് റിസർവ്വ് റൂമാണെന്ന് അധികൃതർ പറയുമ്പോഴും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇത്തരം സംഭവങ്ങൾ വോട്ടെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.