‘വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല, പ്രതിപക്ഷം കരാർ വായിക്കാതെ സംസാരിക്കുന്നു’; വിശദീകരണവുമായി മുഖ്യമന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തുറമുഖത്തിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ടെങ്കിലും നിലവിൽ യാതൊരു കൈമാറ്റവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തുറമുഖത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 25 ശതമാനത്തിലധികം ഓഹരികൾ കൈമാറാൻ കമ്പനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനി പോർട്ടും എം.എസ്.സിയും തമ്മിലുള്ള ചർച്ചകൾ കഴിഞ്ഞ ഒരു വർഷമായി നടക്കുകയാണെന്നും ദേശാഭിമാനി പത്രം തന്നെ മുൻപ് ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഇതിനെ വലിയൊരു നേട്ടമായാണ് കണ്ടിരുന്നത്. ഓഹരി കൈമാറ്റം വഴി തുറമുഖത്ത് കുത്തകയുണ്ടാകുമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണ്. കരാർ വായിച്ചുനോക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നത്.
വിഴിഞ്ഞത്ത് ‘കോമൺ യൂസർ ഫസിലിറ്റി’ ഉറപ്പാക്കിയിട്ടുള്ളതിനാൽ ആരുടെയും കുത്തക അനുവദിക്കില്ല. ഓഹരി കൈമാറ്റത്തിന് കേന്ദ്ര ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങളുടെ സുരക്ഷാ ക്ലിയറൻസ് അത്യാവശ്യമാണ്. നിലവിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഈ വിഷയം പഠിച്ചുവരികയാണെന്നും, സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.