'പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്'; ഇ.പി. ജയരാജന് മറുപടിയുമായി അർജുൻ ആയങ്കി

 

തനിക്കെതിരെയുള്ള പ്രസ്താവനകൾക്ക് മറുപടിയുമായി ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കി. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നതിനും പ്രതികരിച്ചതിനുമാണ് താൻ കള്ളക്കേസുകളിൽ കുടുങ്ങി ജയിലിലായതെന്ന് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു. പിന്തുണ നൽകിയില്ലെങ്കിലും പിന്നിൽ നിന്ന് കുത്തരുതെന്നും ശത്രുവിനേക്കാൾ വലിയ ശത്രുവായിട്ടാണ് പാർട്ടി തന്നെ കാണുന്നതെന്നും ആയങ്കി ആരോപിച്ചു.

അർജുൻ ആയങ്കിയെ തൂക്കണമെന്നും ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും മുതിർന്ന നേതാവ് ഇ.പി. ജയരാജൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആയങ്കി രംഗത്തെത്തിയത്. എന്നാൽ, പ്രസ്താവന നടത്തിയത് ഇ.പി. ജയരാജനാണെങ്കിലും എം.വി. ജയരാജൻ സഖാവിനോടാണ് എന്ന് തെറ്റായി പ്രതിപാദിച്ചുകൊണ്ടാണ് ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

മറ്റ് എല്ലാവർക്കും നവീകരിക്കാനും തിരിച്ചുവരാനും അവസരം നൽകുന്ന പാർട്ടി, തന്നെ തള്ളിപ്പറയുന്നതിനും മുൻപ് താൻ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നുവെന്ന് ആയങ്കി ഓർമ്മിപ്പിച്ചു. സ്വന്തം ജീവിതം മറന്ന് പാർട്ടിക്കായി പ്രവർത്തിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആയങ്കിയുടെ പ്രതികരണം.