'കേരളം' എന്ന് പേരുമാറ്റാൻ പാഴ്ചെലവ് വേണ്ട; തിരുത്തലുകൾ മഷി കൊണ്ട് വരുത്താം: ചീഫ് സെക്രട്ടറിയുടെ സർക്കുലർ
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കിയതിന് പിന്നാലെ, സർക്കാർ ഓഫീസുകളിലെ ഫയലുകളിലും സ്റ്റേഷനറി സാമഗ്രികളിലും മാറ്റം വരുത്താൻ അനാവശ്യമായി പണം ചെലവഴിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. പേരുമാറ്റത്തിന്റെ പേരിൽ നിലവിലുള്ള കടലാസുകളോ ഫയലുകളോ ഉപേക്ഷിക്കേണ്ടതില്ലെന്നും, ഇംഗ്ലീഷിലാണെങ്കിൽ 'M' എന്നും മലയാളത്തിലാണെങ്കിൽ 'ം' എന്നും മഷി കൊണ്ട് ചേർത്ത് ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറക്കി. ഓഫീസ് നെയിം ബോർഡുകളോ ഫലകങ്ങളോ മാറ്റേണ്ടതില്ലെന്നും അതിനായി മാത്രം തുക ചെലവഴിക്കരുതെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി.
കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ, അടിയന്തരമായി പുതിയ മുദ്രകൾ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി.