ഒന്നും തെളിയിക്കാനായില്ല; മുഖ്യമന്ത്രി വി.ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

 

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ മുൻ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നത്.

2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായുള്ള ധനസമാഹരണത്തിനായി വി.ഡി. സതീശൻ വിദേശയാത്ര നടത്തുകയും പണം പിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പാക്കിയത്. ഫണ്ടുകൾ കൈകാര്യം ചെയ്തത് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടും എഫ്.സി.ആർ.എ അക്കൗണ്ടും വഴിയാണെന്നും ഇതിൽ വി.ഡി. സതീശന് നേരിട്ട് പങ്കില്ലെന്നും വിജിലൻസ് കണ്ടെത്തി.

അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുകയായിരുന്നു. കേസ് സി.ബി.ഐക്ക് വിടാനുള്ള മുൻ സർക്കാരിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും, ഭരണം മാറിയതുകൊണ്ടല്ല മറിച്ച് ഫയലുകൾ പരിശോധിച്ച ശേഷമുള്ള വിജിലൻസ് ശുപാർശ പ്രകാരമാണ് നടപടിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.