കൊല്ലത്ത് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി; അധ്യാപകർക്കെതിരെ ആരോപണവുമായി എസ്എഫ്ഐ
കൊല്ലം കുലശേഖരപുരത്ത് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി അഹമ്മദ് നജാദാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് നജാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വലിയ ദുഖത്തോടെയാണ് മകൻ കോളജിൽ നിന്നും വീട്ടിൽ എത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർ വഴക്ക് പറഞ്ഞതായി മകൻ സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
മുറിയിൽ കയറിയ നജാദ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോയാണ് ഫാനില്‍ തൂങ്ങിയ നിലയിലാണ് നജാദിനെ കണ്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ നജാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഹമ്മദ് നജാദിന്റെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.