ഒ. സദാശിവൻ കോഴിക്കോട് മേയർ സ്ഥാനാർത്ഥി; ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ
കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎം ഏരിയാ കമ്മിറ്റിയംഗം ഒ. സദാശിവനെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡോ. എസ്. ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. നിലവിലെ ഡെപ്യൂട്ടി മേയറും പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥിയുമായിരുന്ന സി.പി. മുസാഫർ അഹമ്മദിന്റെ അപ്രതീക്ഷിത തോൽവിയെത്തുടർന്നാണ് പുതിയ നേതൃനിരയെ പാർട്ടി നിശ്ചയിച്ചത്.
തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നാണ് ഒ. സദാശിവൻ വിജയിച്ചത്. കോട്ടൂളി ഡിവിഷനിൽ നിന്ന് വിജയിച്ച ഡോ. എസ്. ജയശ്രീ നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ്. പി. രാജീവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാവായ സദാശിവനെ തന്നെ ചുമതല ഏൽപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരിയെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കും.
76 അംഗ കൗൺസിലിൽ എൽഡിഎഫിന് 35-ഉം, യുഡിഎഫിന് 28-ഉം, എൻഡിഎയ്ക്ക് 13-ഉം സീറ്റുകളാണുള്ളത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മേയർ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. യുഡിഎഫ് പക്ഷത്തുനിന്ന് മുസാഫർ അഹമ്മദിനെ പരാജയപ്പെടുത്തിയ എസ്.കെ. അബൂബക്കർ മേയർ സ്ഥാനത്തേക്ക് മത്സരിക്കും.