'കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കി'; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസ്; വളർമതി ഒന്നാംപ്രതി

 

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുടെ പിന്തുണയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. സമരസമിതി സെക്രട്ടറി വളർമതിയെ ഒന്നാം പ്രതിയാക്കി 25 റാങ്ക് ഹോൾഡർമാരെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

നിയമനം ആവശ്യപ്പെട്ട് എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പ്രതിപക്ഷത്തിന്റെയും വിവിധ യുവജന സംഘടനകളുടെയും പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ നടപടി. തുടർച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.അതേസമയം, ഉദ്യോഗാർഥികളുടെ സമരം ഇന്ന് 121-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി വളർമതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒൻപതാം ദിവസത്തിലുമെത്തി.