'പീഡന പരാതി ഒതുക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തു'; ഡോ. ജോൺസൺ കെ. വർഗീസിനെതിരെ യുവനടിയുടെ മൊഴി

 

ലൈംഗിക പീഡന പരാതി ഒതുക്കിതീർക്കാൻ ഡോക്ടർ ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി അറസ്റ്റിലായ യുവനടിയുടെ മൊഴി. ഈ വാഗ്ദാനം നിരസിച്ചതോടെയാണ് ഡോക്ടർ തങ്ങളെ മർദ്ദിച്ചതായി കാണിച്ച് വ്യാജ പരാതി നൽകിയതെന്ന് കേസിൽ അറസ്റ്റിലായ നടിയും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞു.

പീഡനവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഡോക്ടറുടെ മൊബൈൽ ഫോണിലുണ്ടായിരുന്നെന്നും അത് നശിപ്പിക്കപ്പെടാതിരിക്കാനാണ് ഫ്ലാറ്റിൽ വെച്ച് ഫോൺ പിടിച്ചെടുത്തതെന്നും പ്രതികൾ വ്യക്തമാക്കി. ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിന് കൈമാറാനായിരുന്നു പദ്ധതിയെന്നും ഇവർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ യുവനടി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം.

അതേസമയം, ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള ഡോക്ടർ ജോൺസൺ കെ. വർഗീസിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച പോലീസ്, മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ഡോക്ടർക്കെതിരെ പെരുമാറ്റദൂഷ്യത്തിന് സഹപ്രവർത്തകർ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു.