കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്
കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് അദ്ദേഹം കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്. ഇതുവരെ കേരള ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും മാറ്റി നിയമിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ പുറത്തുവിട്ടത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക ഗവർണറായി ഡോ. സുധാ യാദവ്, ഒഡീഷ ഗവർണറായി ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡ് ഗവർണറായി ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിം ഗവർണറായി ദുഷ്യന്ത് ഗൗതം എന്നിവരെയും നിയമിച്ചിട്ടുണ്ട്.