മ്യൂസിയം സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ ഇഡി; ആറ് ഉദ്യോഗസ്ഥരെ മാറ്റും

 

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ നടത്തിയ ഓണാഘോഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് ഇഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയക്കും. സ്റ്റേഷനിലെ റീൽസ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ കൂടിയാണെന്ന് ഇ‍ഡി പറയുന്നു. സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പൊലീസിന്റെ അനുമതിയോടെയാണ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികൾ സ്റ്റേഷൻ പരിസരത്ത് ഓണാഘോഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തതെന്നാണ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾ ഒപ്പിടാനായി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ആഘോഷവും റീൽസ് ചിത്രീകരണവും. പ്രതികൾ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.

സ്റ്റേഷനിൽ ഓണാഘോഷം നടക്കുന്നതിനിടെ പ്രതികളെ പരിസരത്ത് നിർത്തിയതും ഒപ്പിടൽ നടപടികൾ പൂർത്തിയാക്കി ഉടൻ പറഞ്ഞയക്കാത്തതും പൊലീസിന്റെ വീഴ്ചയായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഐ.പി. ബിനു പൊലീസുകാരുടേതിന് സമാനമായ നിറത്തിലുള്ള ഷർട്ട് ധരിച്ചതിൽ പൊലീസ് ഇടപെടൽ ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.സംഭവം വിവാദമായതോടെ അന്വേഷണത്തിന് ലോ ആൻഡ് ഓർഡർ എഡിജിപി പി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു.