മ്യൂസിയം സ്റ്റേഷന് മുന്നിൽ പ്രതികളുടെ ഓണാഘോഷം: 6 പോലീസുകാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ കേസിലെ പ്രതികൾ ഓണാഘോഷം നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ആറ് പോലീസുദ്യോഗസ്ഥരെ ആംഡ് റിസർവ് (AR) ക്യാമ്പിലേക്ക് മാറ്റി. ജി.ഡി. ഡ്യൂട്ടിയിലുണ്ടായിരുന്ന അജു, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യ, അസിസ്റ്റന്റ് റൈറ്റർ സുധീഷ്, പ്രോസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനീഷ്, പോലീസുകാരായ അരുൺ, രതീഷ് എന്നിവർക്കെതിരെയാണ് നടപടി. ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരും.
മുൻപ് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയ എസ്.എച്ച്.ഒ. ആർ. പ്രശാന്തിനെതിരെയുള്ള നടപടി ഐ.ജി. തലത്തിൽ തീരുമാനിക്കും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ സ്റ്റേഷനിലെത്തിയ പ്രതികളെ ഉടൻ മടക്കി അയക്കുന്നതിന് പകരം ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോലീസ് അവസരമൊരുക്കിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് കേസിൽ ഒന്നാം പ്രതിയായ നിതിൻ രാജ്, പതിനാറാം പ്രതിയും സി.പി.എം. നേതാവുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ഇതിനിടെ, ആഘോഷങ്ങളിൽ പോലീസുകാരുടെ പങ്കിനെക്കുറിച്ചും പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും ഡി.സി.പി. വിശദമായ അന്വേഷണം നടത്തിവരികയാണ്.