ഓണം വാരാഘോഷം ഓഗസ്റ്റ് 27ന് ആരംഭിക്കും; ഉദ്ഘാടന ചടങ്ങിൽ പ്രിയ താരം ഫഹദ് ഫാസിലും

 

ഓഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിവിധ ഓണാഘോഷ സംഘാടക സമിതികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികൾ ആകും. 

ഉദ്ഘാടന ചടങ്ങിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയിൽ വിവിധ ഇടങ്ങളിൽ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. കേരളത്തിന്റെ മതനിരപേക്ഷ മനസ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുക. കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലേസർ ഷോ പ്രദർശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെർച്വൽ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കനകക്കുന്നിൽ വാരാഘോഷ ദിവസങ്ങളിൽ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.

ദീപാലങ്കാരം
കവടിയാറിൽ നിന്നും ശാസ്തമംഗലം വരെയും മണക്കാട് വരെയും വൈദ്യുത ദീപാലങ്കാരം ഒരുക്കും. ഇതുകൂടാതെ കനകക്കുന്നിൽ ആകർഷകമായ പ്രത്യേക ദീപാലങ്കാരവും ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് വൈകിട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടക്കും.

സമാപന ഘോഷയാത്ര
വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്ര സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചുമണിക്ക് മാനവീയം വീഥിക്ക് സമീപം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുക. ഇതിനായി ഒരു ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ടൂറിസം ക്ലബ്ബിന്റെ വോളണ്ടിയർമാരും സേവനത്തിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഐപികൾക്കായി മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ ഒരുക്കിയിരുന്ന പവലിയൻ ഇത്തവണ പബ്ലിക് ലൈബ്രറിക്ക് മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.