സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പോത്തൻകോട് സ്വദേശിനിക്ക്

 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര കേസ് റിപ്പോർട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് ഏറ്റവും പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതയെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദിവസങ്ങൾക്കുമുമ്പ് പനി, ക്ഷീണം എന്നിവയെ തുടർന്ന് ഇവർ പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് എ.ടി. ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പരിശോധനകളിൽ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വൃക്കപ്രവർത്തനം തകരാറിലായതോടെ ഡയാലിസിസ് നടത്തേണ്ടി വന്നു.ആരോഗ്യവകുപ്പ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി രോഗിയുടെ വീടിനടുത്തുള്ള കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കും.സംസ്ഥാനത്ത് ഈ മാസം നാൽപതോളം പേർക്കാണു രോഗം ബാധിച്ചത്. 4 പേർ മരിച്ചു. ഈ വർഷം ഇതുവരെ മരണസംഖ്യ 25 ആണ്.