ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

 

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവെച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്.ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.പാലത്തിനരികിൽ നിർത്തിയിട്ട കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഇവരെ നാട്ടുകാരാണ്  ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സംഭവിച്ചിരുന്നു.