സിപിഎം പറഞ്ഞ ഒന്നരയേക്കർ കണ്ടെത്തിത്തരണം'; മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തി അപേക്ഷ നൽകി

 

തന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ടെന്ന സിപിഎം ആരോപണത്തിന് പിന്നാലെ ആരോപണത്തിലുള്ള ഒന്നരയേക്കർ സ്ഥലം കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി, ക്ഷേമപെൻഷൻ കിട്ടാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധികരിൽ ഒരാളായ ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി വില്ലേജ് ഓഫിസിനെ സമീപിച്ചു. പഞ്ചായത്ത് മെമ്പറിനൊപ്പം മന്നാങ്കണ്ടം വില്ലേജ് ഓഫിസിലെത്തിയാണ് മറിയക്കുട്ടി അപേക്ഷ നൽകിയത്. തന്റെ പേരിൽ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം.

തന്റെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകൾക്ക് മുൻപേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.30നു വീടിനുനേരെ കല്ലേറുണ്ടായതായും അവർ ആരോപിച്ചു.‘‘ഇന്നലെ രാത്രി എന്റെ വീടിനു കല്ലെറിഞ്ഞു. ഞാൻ ആ വീട്ടിൽ ഒറ്റയ്ക്കാ കിടക്കുന്നത് എന്ന് ഓർമ വേണമെന്നൊക്കെ പറഞ്ഞു. എനിക്ക് ഒന്നരയേക്കർ സ്ഥലമുണ്ട് എന്നല്ലേ പറയുന്നത്. എനിക്ക് എത്ര ഭൂമിയുണ്ടെന്ന് വില്ലേജ് ഓഫിസർ രേഖാമൂലം വ്യക്തമാക്കിത്തരണം. അത് കിട്ടിയിട്ടു വേണം കോടതിയിൽ പോകാൻ. ഒരു സെന്റ് ഭൂമി ഉണ്ടെങ്കിൽ വേണ്ടില്ല. ഇളയ മകളുടെ വീട്ടിലാണ് കിടക്കുന്നതു തന്നെ. അവൾക്ക് എഴുതിക്കൊടുത്ത വീടാ അത്. അഞ്ച് സെന്റ് ഉണ്ടായിരുന്നതും അവൾക്കു കൊടുത്തു. സുഖമില്ലാത്തയാളാണ്. രണ്ടു ചെറിയ പെൺകുട്ടികളുണ്ട്.

അവർ ലോട്ടറി വിൽപ്പനയ്ക്കായി അടിമാലിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ്. അവർ ഇങ്ങനെ ഇല്ലാത്തതൊക്കെ പറഞ്ഞാൽ എന്നെ ആരെങ്കിലും സഹായിക്കുമോ? അതില്ലാതാക്കിയവരുടെ പേരിൽ കേസ് കൊടുക്കണ്ടേ? മഴ പെയ്താൽ എന്റെ വീടിന്റെ ഉള്ളിൽക്കൂടി വെള്ളമൊഴുകും. നല്ലവണ്ണമൊന്നു മേയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് വെള്ളം തുണിമുക്കി പിഴിഞ്ഞു കളയുകയാണ്. മക്കൾ വിദേശത്താണെന്നൊക്കെ പറഞ്ഞു. എന്റെ മകൾ അടിമാലിയിൽ ലോട്ടറി വിൽക്കുകയാണ്. റേഷൻ വാങ്ങാൻ എനിക്ക് മഞ്ഞക്കാർഡ് പോലുമില്ല. ഉള്ള കാർഡിന് ആകെ നാലു കിലോ അരിയാണു കിട്ടുന്നത്. ഗോതമ്പുമില്ല, പഞ്ചസാരയുമില്ല. നാലു കിലോ അരി മാത്രം. അവരുടെ ആൾക്കാരെ നോക്കിയാണ് മഞ്ഞക്കാർഡ് കൊടുത്തിരിക്കുന്നത്. കോവിഡ് വന്ന് ഞാൻ ഒന്നര മാസം കിടന്നു. അന്ന് അയൽക്കാരാണ് എനിക്ക് കഞ്ഞി കൊണ്ടുവന്ന് തന്നത്. ആരോഗ്യവകുപ്പിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ആരും എന്നെ അന്വേഷിച്ച് വന്നില്ല.’ – മറിയക്കുട്ടി പറഞ്ഞു.