പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കണ്ണൂർ പയ്യന്നൂരിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുന്നതിനായാണ് ഏഴംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
ജില്ലാ ഗവൺമെന്റ് പ്ലീഡർ ഉൾപ്പെടെയുള്ള ഡോക്ടർമാരാണ് ബോർഡിലെ അംഗങ്ങൾ. ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. അജിത് കുമാർ കെ, പരിയാരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ ഡോ. ടി.പി. ബിജു, അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അൻസാർ, ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഊർമിള കെ.വി, ഫോറൻസിക് മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിയത പി, കണ്ണൂർ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. സുരേഷ് ബാബു, തലശ്ശേരി ജനറൽ ആശുപത്രിയിലെ ഫോറൻസിക് കൺസൾട്ടന്റ് ഡോ. ജിതിൻ വി.എസ് എന്നിവരാണ് ബോർഡ് അംഗങ്ങൾ.
മെഡിക്കൽ ബോർഡിന്റെ ആദ്യ യോഗം നാളെ വൈകിട്ട് മൂന്നരയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ ചേരും. സംഭവവുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളും മറ്റ് വിവരങ്ങളും യോഗത്തിൽ പരിശോധിക്കും.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവ് തുന്നുന്നതിനായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ബോധരഹിതനായതും പിന്നീട് മരിച്ചതും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.