പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം; ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പയ്യന്നൂരിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കുഞ്ഞിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ചുണ്ടിലുണ്ടായിരുന്നത് മൂന്ന് ദിവസത്തിനകം ഭേദമാകാവുന്ന ചെറിയ മുറിവ് മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയാണ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ പത്ത് മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് കുഞ്ഞ് ബോധരഹിതനായി. തുടർന്ന് അഞ്ച് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.