ഒന്നര വയസുകാരന്റെ മരണം: ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
ചികിത്സാപ്പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ സംഭവങ്ങൾ.ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇവരിൽ മൂന്ന് പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ അനുമതി നൽകിയത്.
നിയമപരമല്ലാത്ത ഇടപെടല്‍ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനാവശ്യമായി എന്തിനാണ് മെഡിക്കല്‍ ബോര്‍ഡില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു ചോദ്യം. കേസിന്റെ നടപടിക്രമങ്ങളിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നുപേരും ചികിത്സാ പിഴവ് ശരി വെച്ചിരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ ക്രിമിനൽ അനാസ്ഥ ഉണ്ടായതായി ലഭ്യമായ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.