നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: ദുരൂഹത തുടരുന്നു; മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യം

 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത തുടരുന്നു. മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ്, കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്.

കൂടുതൽ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനം. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലിലാണ് പൊലീസിന്റെ സംശയം. മൂന്ന് പൊട്ടലുകളാണ് കുഞ്ഞിന്റെ കയ്യിലുള്ളത്. ഇക്കാര്യം തിരക്കിയപ്പോൾ ചികിത്സ തേടിയിരുന്നുവെന്നും എങ്ങനെയാണ് പരിക്ക് ഉണ്ടായത് എന്ന് അറിയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മൊഴി. ഒരാഴ്ച മുൻപാണ് പരിക്ക് ശ്രദ്ധയിൽപ്പെട്ടതെന്നും അവർ പറഞ്ഞു.
എന്നാൽ, കുഞ്ഞിന്റെ കൈയിലെ പൊട്ടലുകൾ മൂന്ന് ആഴ്ച മുൻപുണ്ടായതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടെ മകൻ ഇഹാൻ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്.അച്ഛൻ നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. സംശയത്തെ തുടർന്ന് ബിസ്‌ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.