കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിർദ്ദേശവുമായി നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ

 

കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശം. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ട്. നാളെ ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ മാർഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യവിഭവങ്ങൾ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും ഇത്തരം ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നില്ല. പുതിയ ഗവർണറുടെ വരവോടെ ലോക്ഭവനിലെ ഭക്ഷണക്രമത്തിൽ മാറ്റം വരികയാണ്.

നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഓം പ്രകാശ് മാഥൂറിനെയാണ് കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചത്. സ്ഥാനമൊഴിയുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേൽക്കും. സുധ യാദവിനെ കർണാടക ഗവർണറായും നിയമിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാവായ ഓം പ്രകാശ് മാഥൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന ചുമതല വഹിച്ചിരുന്ന അദ്ദേഹം, പാർട്ടിയിലെത്തുന്നതിന് മുമ്പ് ദീർഘകാലം ആർ.എസ്.എസ് പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥൂർ.