ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ; ഡിവൈഎഫ്ഐ ആണെന്ന് ആരോപണം

 
നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേർന്ന് സ്ഥാപിച്ച സ്തൂപം, ചൊവ്വാഴ്ചയായിരുന്നു ഉദ്‌ഘാടനം ചെയ്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ ഈ ആരോപണം നിഷേധിച്ചു.
ഇന്നലെ രാത്രി എട്ടരോടെയാണ് സ്തൂപം തകർത്ത നിലയിൽ കണ്ടെത്തിയത്. മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.