ഓപ്പറേഷൻ ചക്കക്കൊമ്പൻ'; പത്ത് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ ആനയ്ക്ക് മയക്കുവെടിവെച്ചു

 

ചക്കക്കൊമ്പനെ പിടികൂടാനുള്ള 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരം. ചിന്നക്കനാൽ ഓമനക്കുടി ഭാഗത്തുള്ള ആനയ്ക്ക് വനംവകുപ്പ് മയക്കുവെടിവെച്ചു. പത്ത് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ആദ്യ മയക്കുവെടി വെക്കാനായത്. പ്രദേശത്തെ മഴയും കനത്ത മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയായിരുന്നു.

തുടർച്ചയായി മൂന്ന് ഡോസ് വരെ മയക്കുവെടി നൽകാനാണ് വനംവകുപ്പിന്റെ തീരുമാനം. ആദ്യ ഡോസിന് ശേഷം ചക്കക്കൊമ്പന്റെ പ്രതികരണം നിരീക്ഷിക്കും. തുടർന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ച് ആനയെ നിയന്ത്രണത്തിലാക്കും. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ നിർത്തിയശേഷം കോളർ ഘടിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

സെലാസിൻ ഹൈഡ്രോക്ലോറൈഡ്, കെറ്റാമിൻ ഹൈഡ്രോക്ലോറൈഡ് എന്നീ ഔഷധങ്ങൾ ചേർത്ത മിശ്രിതമാണ് ഡാർട്ട് വഴി ആനയ്ക്ക് നൽകിയത്. വലിയ കൊമ്പനായതിനാൽ പൂർണമായി മയങ്ങാൻ സമയമെടുത്തേക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

വെറ്ററിനറി സംഘത്തിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. മയക്കുവെടിയോടുള്ള ചക്കക്കൊമ്പന്റെ പ്രതികരണവും തുടർന്നുള്ള നീക്കങ്ങളും ദൗത്യത്തിൽ നിർണായകമാകും. അപ്രതീക്ഷിത നീക്കങ്ങളുണ്ടായാൽ ദൗത്യം കൂടുതൽ സങ്കീർണമാകാനും സാധ്യതയുണ്ട്.