ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിൽ അയൽ സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്ര

 

മയക്കുമരുന്ന് വ്യാപനത്തിനെതിരായ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. ലഹരിക്കടത്തും മയക്കുമരുന്ന് ശൃംഖലകളും ചെറുക്കുന്നതിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്താനാണ് നീക്കം.സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികൾ ശക്തമായി തുടരുന്നതായും ഇതിന്റെ ഭാഗമായി 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും സർക്കാർ അറിയിച്ചു.

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായ നിരീക്ഷണത്തിനായി 84 പൊലീസ് ഉപവിഭാഗങ്ങളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും അധികൃതർ വ്യക്തമാക്കി.അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് ലഹരിവ്യാപനത്തെ നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് കത്തയച്ച് പിന്തുണ തേടിയത്.

അതേസമയം, ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂൾ ബാഗുകൾ പരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണ കേന്ദ്രങ്ങളിലെ പരിശോധനകളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിലും ചർച്ചയായിട്ടുണ്ട്.