സംസ്ഥാനത്ത് ഓപറേഷൻ തൂഫാന് തുടക്കം: മയക്കുമരുന്ന് വ്യാപനം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് മുഖ്യമന്ത്രി
ലഹരി മാഫിയക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി 'ഓപ്പറേഷൻ തൂഫാൻ'തുടക്കം. പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറയെ ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനം ആശങ്കാജനകമാണെന്നും, സമൂഹത്തിന്റെ ഭാവിയെ തന്നെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോരുത്തരും 'തൂഫാൻ' പദ്ധതിയുടെ അംബാസഡർമാരായി മാറണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ലഹരി ശൃംഖലകളെ കണ്ടെത്തി തകർക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തെയും വിതരണത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട.അന്തർസംസ്ഥാന ലഹരി സംഘങ്ങളെ തകർക്കാനുള്ള സമഗ്ര പദ്ധതികളാണ് നടപ്പാക്കുന്നത്. എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവർത്തനം ആവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റലിജൻസ് ഐജി പുട്ട വിമലാദിത്യയാണ് ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസർ. പൊതുജനങ്ങളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് നിർണായകമാണെന്നും, വിവരങ്ങൾ കൈമാറുന്നതിനായി പൊലീസ് പ്രത്യേക ആപ്പുകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.പരാതികളും വിവരങ്ങളും നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.