വ്യാജരേഖ ചമച്ച് അവയവമാറ്റം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ്; എസ്പി കെ.എസ് സുദർശൻ നയിക്കും
സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അവയവക്കച്ചവടത്തെക്കുറിച്ചും ഇതിനായി വ്യാജരേഖകൾ ചമയ്ക്കുന്നതിനെക്കുറിച്ചും അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണസംഘത്തിന് (SIT) രൂപം നൽകി. എറണാകുളം റൂറൻ എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വലിയ തോതിൽ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നതായി വ്യക്തമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഉത്തരവിട്ടത്.
മാഫിയയുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവക്കച്ചവടത്തിലെ പ്രധാന ഇടനിലക്കാരനായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, ഇവരുടെ സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎമാരുടെ വ്യാജ ലെറ്റർ ഹെഡുകളും സീലുകളും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജരേഖകൾ നിർമിക്കാൻ ഒത്താശ ചെയ്ത സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളെല്ലാം ഇപ്പോൾ പ്രത്യേക നിരീക്ഷണത്തിലാണ്.