ലോറിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ തെറിച്ചുവീണു അപകടം; ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

 

കണ്ണൂർ പാപ്പിനിശേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനീയറായ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്ത് (47) ആണ് മരിച്ചത്. ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ മിനിലോറി വളപട്ടണം പോലീസ് പിടികൂടി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭാരമേറിയ സിലിണ്ടറുകളുമായി ലോറി സഞ്ചരിച്ചതെന്ന് ആരോപണമുണ്ട്.