പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിനും ഡോ. ബൻഷി സാബുവിനും

 

പി. കേശവദേവ് സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ. ശശിതരൂർ എംപിക്കും ഡയബ്സ്‌ക്രീൻ പുരസ്‌കാരം ഡയബറ്റോളജിസ്റ്റായ ഡോ. ബൻഷി സാബുവിനും നൽകും.
'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റിൽ ഓഫ് ബിലോങിങ് തുടങ്ങിയ പുസ്തകങ്ങളെ മുൻനിർത്തിയാണ് ശശി തരൂരിന് അവാർഡ്

പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീർഘകാല പരിശ്രമങ്ങൾക്കും പ്രമേഹ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ചുള്ള ജനജാഗ്രതക്ക് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് ഡോ. ബൻഷിക്ക് പുരസ്‌കാരം നൽകുന്നത്. 50,000 രൂപയും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.

പുരസ്‌കാരം ജൂലൈ 27ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹിൽടൺ ഗാർഡൻ ഇന്നിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, അവാർഡ് കമ്മിറ്റി ചെയർമാന്മാരായ ഡോ. ജോർജ് ഓണക്കൂർ, ഡോ. ബാലഗോപാൽ പി.ജി., അവാർഡ്കമ്മിറ്റി അംഗങ്ങളായ ഡോ. വിജയകൃഷ്ണൻ, ഡോ. തോമസ് മാത്യു, ഡോ. അരുൺ ശങ്കർ എന്നിവർ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്.