പി. പി. ദിവ്യയ്‌ക്കെതിരായ അന്വേഷണം: 'സില്‍ക്കി'ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

 

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. 'കാർട്ടൺ അലയൻസ് ഇന്ത്യ' കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാ സ്ഥാപനമായ 'സിൽക്കി'ൽ വിജിലൻസ് സംഘം പരിശോധന നടത്തി. കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ഫയലുകൾ പിടിച്ചെടുത്തിരുന്നു. 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകളാണ് അന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ തുടർച്ചയായാണ് സിൽക്കിലും പരിശോധന നടത്തിയത്. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണച്ചുമതല.

പി. പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിന് പിന്നിൽ വൻ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. ദിവ്യയുടെ ബിനാമി കമ്പനിയാണ് കാർട്ടൺ അലയൻസ് എന്നും വഴിവിട്ട് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കാണിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലൻസിന് പരാതി നൽകിയത്.