നെല്ല് സംഭരണം: കർഷകർക്ക് 49.96 കോടി രൂപയുടെ ഇൻസെന്റീവ് ബോണസ് അനുവദിച്ചു
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സംസ്ഥാന ഇൻസെന്റീവ് ബോണസിന്റെ നാലാം ഗഡുവായി 49.96 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തുക അനുവദിച്ചതെന്ന് സർക്കാർ അറിയിച്ചു.നിലവിലെ യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാം ഗഡുവായി 150 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ വഴി നെല്ല് നൽകുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയ്ക്ക് പുറമെയാണ് സംസ്ഥാന ഇൻസെന്റീവ് ബോണസ് ലഭിക്കുന്നത്. നിലവിൽ ഒരു കിലോ നെല്ലിന് കേന്ദ്രത്തിന്റെ താങ്ങുവില 24.41 രൂപയും സംസ്ഥാന ബോണസ് 6.59 രൂപയുമാണ്. ഇതോടെ കർഷകർക്ക് കിലോയ്ക്ക് ആകെ 31 രൂപ ലഭിക്കും.
കഴിഞ്ഞ വർഷം കിലോയ്ക്ക് 30 രൂപയായിരുന്നു സംഭരണവില. അന്ന് കേന്ദ്ര വിഹിതം 23.69 രൂപയും സംസ്ഥാന ബോണസ് 6.31 രൂപയുമായിരുന്നു. പുതിയ നിരക്കനുസരിച്ച് കിലോയ്ക്ക് ഒരു രൂപയുടെ വർധനയാണ് കർഷകർക്ക് ലഭിക്കുന്നത്.