ബിജെപിയോട് വിടപറയാനൊരുങ്ങി പത്മജ വേണുഗോപാൽ; രാജിക്കത്ത് രാജീവ് ചന്ദ്രശേഖറിന് കൈമാറിയേക്കും

 

ബിജെപി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി അംഗത്വം രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. അടുത്ത ദിവസം രാജിക്കത്ത് കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന അതൃപ്തിയിലാണ് പത്മജ. ഇതോടെ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബിജെപിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം കുറവായിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ വലിയ പ്രതീക്ഷകളായിരുന്നു പത്മജയ്ക്കുണ്ടായിരുന്നത്. ഗവർണർ പദവി, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ലെന്നാണ് വിവരം. പദവികൾ സംബന്ധിച്ച് നേതൃത്വവുമായി പലതവണ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് ബിജെപി വിടുന്നതിനെക്കുറിച്ചും കോൺഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ചും പത്മജ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പത്മജ മടങ്ങിയെത്തിയാൽ ഒപ്പം നിൽക്കാൻ തയ്യാറാണെന്ന് അവരെ അനുകൂലിക്കുന്നവരും അറിയിച്ചതായാണ് സൂചന. എന്നാൽ രാജിയോ കോൺഗ്രസിലേക്കുള്ള മടക്കമോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.