പാലാ നഗരസഭ ഉപാധ്യക്ഷൻ ബിജു മാത്യൂസ്; എൽഡിഎഫ് പിന്തുണയിൽ കോൺഗ്രസ് വിമതന് ജയം

 

കോട്ടയം പാലാ നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് വിജയിച്ചു. എൽഡിഎഫിന്റെ പിന്തുണയോടെയാണ് ബിജു മാത്യൂസ് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനയ്ക്കലിനെ പരാജയപ്പെടുത്തിയത്. 26 അംഗ നഗരസഭയിൽ ബിജുവിന് 14 വോട്ടും സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു.

ഇടതുമുന്നണി അംഗമായ ടോണി തൈപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തെങ്കിലും ബിജുവിന് ആവശ്യമായ 14 വോട്ടുകൾ ലഭിച്ചു. നേരത്തെ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും ഉപാധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. നഗരസഭാധ്യക്ഷ മായാ രാഹുലും വിമത അംഗം രജിത പ്രകാശും ബിജുവിനെ പിന്തുണച്ചു. ലിസിക്കുട്ടി മാത്യുവും യുഡിഎഫിന് വോട്ട് ചെയ്തു. രജിത പ്രകാശ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

രാവിലെ 11നായിരുന്നു തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് (എം) 10, സിപിഎം 2, സ്വതന്ത്ര അംഗം മായാ രാഹുൽ, കോൺഗ്രസ് വിമതർ എന്നിവരുടെ പിന്തുണയോടെയാണ് ബിജു മത്സരിച്ചത്. യുഡിഎഫിന് കോൺഗ്രസ് 2, കേരള കോൺഗ്രസ് 3, സ്വതന്ത്ര മുന്നണി 3, കെഡിപി 1 എന്നിങ്ങനെ ഒൻപത് അംഗങ്ങളാണുള്ളത്.