പാലാ വിട്ടുനൽകില്ല; പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ട് നിലപാട് വ്യക്തമാക്കി മാണി സി. കാപ്പൻ
പാലാ മണ്ഡലം വിട്ടുനൽകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചുവന്നാലും പാലാ സീറ്റ് തന്റെ പക്കൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി മലപ്പുറത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോസ് കെ. മാണിയും പാർട്ടിയും മുന്നണിയിലേക്ക് വന്നാൽ പാലാ സീറ്റ് അവർക്ക് നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചത്.
കേരള കോൺഗ്രസ് (എം) ഐക്യജനാധിപത്യ മുന്നണിയിലേക്ക് വരുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ മണ്ഡലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് നൽകില്ലെന്ന കാര്യം നേരത്തെ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. മുന്നണിയിലേക്ക് വരുന്നവർക്ക് മറ്റ് ഏതെങ്കിലും സീറ്റുകൾ നൽകുന്നതിൽ കുഴപ്പമില്ലെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
ലീഗിന് സ്വാധീനമുള്ള തിരുവമ്പാടി സീറ്റിൽ മത്സരിക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന്, പാലായിൽ മത്സരിക്കാൻ വരുന്നവർക്ക് തിരുവമ്പാടിയിൽ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു കാപ്പന്റെ മറുചോദ്യം. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ എത്തിക്കാൻ മുസ്ലിം ലീഗ് മധ്യസ്ഥത വഹിക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം മുന്നണിക്കുള്ളിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും.