പാലട പായസം വിപണിയിലെത്തിച്ച് മിൽമ; 12 മാസം വരെ കേടാകാതെ ഇരിക്കും, ലക്ഷ്യം പ്രവാസികൾ

 

പാലടപായസവും ഐസ്‌ക്രീമിലെ പുതിയ തരംഗമായ ഇളനീർ (ടെൻഡർ കോക്കനട്ട്) ഐസ്‌ക്രീമും പുറത്തിറക്കി മിൽമ. പ്രവാസികൾക്കായി വിദേശത്തേക്ക് കയറ്റിയയ്ക്കാനായാണ് റെഡി ടു ഡ്രിങ്ക് പാലടപായസം മലബാർ യൂണിയനും, ഇളനീർ ഐസ്‌ക്രീം മിൽമ എറണാകുളം യൂണിയനും പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലറ്റുകൾ വഴിയും ലഭ്യമാകും.

12 മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മിൽമ വിപണിയിലെത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ കേരളീയ രുചി വിദേശങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.

മൈക്രോവേവ് അസിസ്റ്റഡ് തെർമൽ സ്റ്റെറിലൈസേഷൻ(എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട  തയാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എംഎടിഎസ് സ്മാർട്‌സ് ഫുഡ് പ്ലാൻറിലാണ് നിർമിക്കുന്നത്. നാലു പേർക്ക് വിളമ്പാനാകുന്ന 400 ഗ്രാം പാക്കറ്റിലായിരിക്കും ഇത് വിപണിയിലെത്തുക. 150 രൂപയാണ് വില.