പാലത്തായി പോക്സോ കേസ്: പത്മരാജന് സുപ്രീംകോടതി നോട്ടീസ്
പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് സുപ്രീംകോടതിയുടെ നോട്ടീസ്. പത്മരാജന് ജാമ്യം അനുവദിക്കുകയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ചെയ്ത കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2020ൽ കണ്ണൂർ പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ 2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജനെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകൾ പ്രകാരം 40 വർഷത്തെ തടവുശിക്ഷയും പിഴയും കോടതി വിധിച്ചിരുന്നു.
എന്നാൽ, പത്മരാജൻ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി 2026 ഓഗസ്റ്റ് 20ന് ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിലെ മറ്റ് സാഹചര്യങ്ങളും പ്രാഥമികമായി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ മരവിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് അതിജീവിതയുടെ അമ്മയുടെ ഹർജിയിലെ പ്രധാന വാദം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.