പാലസ്തീൻ അംബാസഡർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പാലസ്തീനും കേരളവും തമ്മിൽ സാധ്യമായ വിവിധ പരിപാടികൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തന്‍റെ ആദ്യ കൂടിക്കാഴ്ചയാണിതെന്ന് അബു ഷാവേഷ് മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാനായത് സന്തോഷവും ബഹുമതിയുമാണ്. ഒന്നിലധികം വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തു. പാലസ്തീനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രത്യേകിച്ച് പാലസ്തീനും കേരളവും തമ്മിലുള്ള ബന്ധവുമായിരുന്നു പ്രധാന വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് കേരളം ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ഈ പിന്തുണ തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബു ഷാവേഷ് പറഞ്ഞു.
അതേസമയം, പാലസ്തീൻ ജനതയ്ക്കുള്ള സഹായം, ഗാസയുടെ പുനർനിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ പതിവുപോലെ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരള സർക്കാരുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളുണ്ടെങ്കിൽ സംസ്ഥാനത്ത് വച്ച് ചർച്ച ചെയ്യുമെന്നും അബു ഷാവേഷ് പറഞ്ഞു.