പാമ്പാടി ബസ് അപകടം; ഡ്രൈവർക്കെതിരെ കേസ്, റോഡിൽ സംസാരിച്ചുനിന്നവർക്കെതിരെയും അന്വേഷണം

 

പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടുപേരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ റോഡിലേക്ക് കയറിനിന്ന് സംസാരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ റൂട്ടിൽ മറ്റൊരു ബസും എത്തിയിരുന്നതിനാൽ ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോയെന്നും പരിശോധിക്കുന്നുണ്ട്. റോഡിൽ സംസാരിച്ചുനിന്നവരെ കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുത്തിട്ടില്ല.

കോട്ടയം-കുമളി ദേശീയപാതയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടർ സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പാമ്പാടി കടവുംഭാഗം സ്വദേശി കൃപ മെറിൻ കുര്യാക്കോസ്, സുഹൃത്തായ മീനടം സ്വദേശി ആഷ്ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.