എസ്.ഐയുടെ കൈയൊടിച്ച കേസിൽ ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ
മഞ്ചേശ്വരം എസ്.ഐ പി.അനൂബിന്റെ വലതുകൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി ഒടിയ്ക്കുകയും മുഖത്ത് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിംലീഗ് നേതാവും ജില്ലാപഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ അബ്ദുൾറഹ്‌മാൻ (46) അറസ്റ്റിൽ. ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിനൊപ്പമുണ്ടായിരുന്നെന്ന് തെളിഞ്ഞതിന് തുടർന്നാണ് കേസന്വേഷിക്കുന്ന മഞ്ചേശ്വരം ഇൻസ്‌പെക്ടർ ടി.പി.രജീഷ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാസർകോട് കോടതിയിൽ ഹാജരാക്കിയ അബ്ദുൾറഹ്‌മാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 12. 30 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പള ഹിദായത്ത് നഗർ പച്ചിലമ്പാറ ജംഗ്ഷനിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതുകണ്ട് നൈറ്റ് പട്രോളിംഗിനിടെ വിവരം അന്വേഷിച്ചെത്തിയ എസ്.ഐ അനൂബിനെയും മറ്റൊരു പൊലീസുകാരനെയും അബ്ദുൾ റഹ്‌മാനും ഗുണ്ടാസംഘത്തിൽപ്പെട്ട മറ്റുള്ളവരും ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. പൊലീസുമായുണ്ടായ തർക്കത്തിനിടെ ഇയാൾ അടക്കമുള്ള അഞ്ചംഗസംഘം എസ്.ഐയെ ആക്രമിക്കുകയും അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന പോലീസുകാരനെ തള്ളിയിടുകയായിരുന്നെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന ഉപ്പളയിലെ റഷീദ്, അഫ്‌സൽ ഉൾപ്പെടെ നാലുപേർ ഒളിവിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ മാരകമായി പരിക്കേൽപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയത്.