പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമർ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയിൽ

 

പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ കൊന്ന് ചാക്കിൽ കെട്ടി വിജനമായ പറമ്പിൽ തള്ളിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയായ പാങ്ങപ്പാറ സ്വദേശി ഉമർ മുഫ്താറുമായി (22) അടുത്ത ബന്ധമുള്ള യുവതിയെ ശ്രീകാര്യം പൊലീസ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്ക് വേണ്ടി അഭിറാമിനെയും മറ്റൊരു സുഹൃത്തിനെയും അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ഉമർ മുഫ്താർ തന്നോട് പറഞ്ഞിരുന്നതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനുള്ള പ്രതികളുടെ നീക്കങ്ങളെക്കുറിച്ചും യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

വിശദമായ ചോദ്യം ചെയ്യലിനും വസ്തുതാപരിശോധനയ്ക്കും ശേഷമായിരിക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ പൊലീസിന്റെ അന്തിമ തീരുമാനമുണ്ടാകുക. കേസിൽ 17കാരനായ മുഖ്യപ്രതി, ഉമർ മുഫ്താർ, മണക്കാട് സ്വദേശി ആനന്ദ ബി.എ (18) എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിലെ വിജനമായ പറമ്പിലെ വാഴക്കൂട്ടത്തിനിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അഭിറാമിന്റെ മാതാപിതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു.

അഭിറാമിന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി മുഖ്യപ്രതി മുൻപ് അടുപ്പത്തിലായിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. അഭിറാമിന്റെ സുഹൃത്തായ ആനന്ദ എന്ന പെൺകുട്ടിയെ ഉപയോഗിച്ചാണ് പ്രതികൾ അഭിറാമിനെ പാങ്ങപ്പാറയിലെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അഭിറാം വഴി ലക്ഷ്യമിട്ട സുഹൃത്തിനെ ഇവിടെയെത്തിക്കാനായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെ പ്രതികൾ അഭിറാമിനെ ക്രൂരമായി ആക്രമിക്കുകയും ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.