പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; അച്ഛനും മകളും മരിച്ചു, നാല് പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദർ രാജും മകൾ ജനനിയുമാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ വലിയപള്ളിക്ക് സമീപം പുലർച്ചെ 4.37 ഓടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്ന കാറിലേക്കാണ് തെങ്കാശി പുളിയറയിൽ നിന്ന് കച്ചി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. തുടർന്ന് ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന സുന്ദർ രാജും മകൾ ജനനിയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ മറ്റ് യാത്രക്കാരെ പുറത്തെടുത്തത്.
കാർ ഓടിച്ചിരുന്ന പ്രണവും ഒപ്പമുണ്ടായിരുന്ന ശിവശങ്കറും ആദ്യം പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലോറിയിലുണ്ടായിരുന്ന വെങ്കിടേഷും വിനോദ് കുമാറും ചികിത്സയിലാണ്.
ലോറിയുടെ അമിതവേഗമോ ഡ്രൈവർ ഉറങ്ങിപ്പോയതോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് തോട്ടിലേക്ക് മറിഞ്ഞ ലോറി കരയിലേക്ക് ഉയർത്തിയത്.
അതേസമയം, സംസ്ഥാനപാതയിൽ മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതും റോഡിന്റെ അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്ക് വഴിവെക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു.