പത്തനംതിട്ടയിൽ സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്

 

പത്തനംതിട്ടയിൽ 13 വയസ്സുള്ള വിദ്യാർത്ഥിനി സഹപാഠികൾക്കെതിരെ നൽകിയ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രണയം നിരസിച്ചതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു.വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു

സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 6 പേരെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടൽ പൊലീസ് രണ്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ട്. സ്‌കൂളിന് സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമായിരുന്നു പീഡനമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

പതിമൂന്ന് വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്‌സൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്.