തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയില് രോഗി മരിച്ചുകിടന്ന സംഭവം; അധികൃതരുടെ വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം നടന്നത് പോസ്റ്റ്മോര്ട്ടം ചെയ്യുന്നതിന് 36 മുതൽ 72 മണിക്കൂർ വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിൽ എത്തിയിരുന്നുവെന്ന മെഡിക്കൽ കോളേജിന്റെ വാദം ഇതോടെ പൊളിയുകയാണ്. രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം 36 മണിക്കൂറിൽ കൂടുതൽ നേരം ശുചിമുറിയിൽ കിടന്നിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രമാണ് ഈ സംഭവമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും, 36 മണിക്കൂറിനിടെ ശുചിമുറി വൃത്തിയാക്കാൻ പോലും ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളംതെറ്റിയതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ആറുമാസം കൊണ്ട് യു.ഡി.എഫ് സർക്കാർ ഈ അവസ്ഥയിലെത്തിച്ചതായും പിണറായി വിജയൻ ആരോപിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 16-നാണ് വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിരുപ്പുകാരില്ലാതിരുന്നതിനാൽ ആശുപത്രി അധികൃതരാണ് ഇയാളെ പരിചരിച്ചിരുന്നത്. 19-ന് രാത്രിയോടെ രോഗിയെ കാണാതായതിനെ തുടർന്ന് അധികൃതർ പരാതി നൽകിയിരുന്നു. തുടർന്ന് 21-നാണ് വാർഡിനുള്ളിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ആളുണ്ടെന്ന് കരുതി ക്ലീനിങ് ജീവനക്കാർ തുറന്നുനോക്കിയിരുന്നില്ല. ദുർഗന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ സംശയം തോന്നി വാതിൽ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നുമാണ് അധികൃതർ അറിയിച്ചത്.