പീച്ചി സ്റ്റേഷൻ മർദനം: സി.ഐ പി.എം. രതീഷിന് കാരണം കാണിക്കൽ നോട്ടീസ്; വകുപ്പുതല നടപടി ഉടൻ

 

പീച്ചി പോലീസ് സ്റ്റേഷനിൽ നടന്ന മർദനവുമായി ബന്ധപ്പെട്ട കേസിൽ കടവന്ത്ര സി.ഐ പി.എം. രതീഷിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ, രതീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതികൾ വിലയിരുത്തി. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് ഫയലിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നാണ് രതീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഐജി നിർദേശം നൽകിയത്

സംഭവത്തിൽ എന്താണ് വീഴ്ച സംഭവിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം നൽകണം എന്നാണ് പറഞ്ഞിരിക്കുന്നത്. രതീഷിന്റെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്ന സൂചനകളാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെയാണ് പീച്ചി പോലീസ് സ്റ്റേഷനിൽവെച്ച് അന്ന് എസ്‌ഐ പി.എം. രതീഷ് അപമാനിക്കുകയും മർദിക്കുകയും ചെയ്തത്. മാനേജർ റോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയുമാണ് മർദിച്ചത്. പോൾ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉൾപ്പെടെയുള്ളവർക്കുനേരേ ആക്രോശിക്കുകയും ചെയ്ിരുന്നു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാൻ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു. 2023 മെയ് 24-ന് സംഭവം.