ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായം; തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടി: എം.വി. ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത പരാജയമാണ് നേരിട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതായും ആവശ്യമായ തിരുത്തൽ നടപടികൾ പാർട്ടി നേതൃയോഗം ചർച്ച ചെയ്തതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശരിയായ ദിശാബോധത്തോടെയും വിലയിരുത്തലുകളോടെയും മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങ് കണക്കുകൾ പരിശോധിച്ചാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോഴും എൽ.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്. മികച്ച രാഷ്ട്രീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനാവുമെന്നും ജനങ്ങൾക്ക് ഇപ്പോഴും സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താൻ സാധിക്കും. കള്ളപ്രചാരണങ്ങൾ നടത്തിയാണ് യു.ഡി.എഫും ബി.ജെ.പിയും വോട്ട് നേടിയത്. വികസന നേട്ടങ്ങൾ മറച്ചുവെക്കാൻ വർഗീയ പ്രചരണങ്ങൾ ഉപയോഗിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജയിച്ച 41 വാർഡുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നും ഇത് വോട്ട് കച്ചവടത്തിന്റെ സൂചനയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.