സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പരിഗണിക്കും. സെനറ്റ് നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ചാന്‍സലറും കേരള സര്‍വകലാശാലയും ഇന്ന് വിശദീകരണം നല്‍കിയേക്കും.
കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ കൂടി ആയ ഗവര്‍ണര്‍ സര്‍ക്കാര്‍ പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിനിധികളെ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.