'പിണറായി പവർഫുൾ, കർമ്മശേഷി കൂടുകയാണ്; ജനപിന്തുണ കുറഞ്ഞിട്ടില്ല': മാധ്യമങ്ങൾക്കെതിരെ ഇ.പി. ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയത്തിൽ ആരും തന്നെ വിമർശനങ്ങൾക്ക് അതീതരല്ലെന്നും എന്നാൽ നിലവിൽ വിമർശനങ്ങളെന്ന പേരിൽ മുഖ്യമന്ത്രിക്ക് നേരെ നടക്കുന്നത് കടുത്ത വ്യക്തിഹത്യയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പ്രായം കൂടുംതോറും പിണറായി വിജയന്റെ കർമ്മശേഷി വർധിക്കുകയാണെന്നും അദ്ദേഹം ഇപ്പോഴും പൂർണ്ണ പവർഫുൾ ആണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പാർട്ടിക്കുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ മാത്രം കെട്ടിവെക്കാനാകില്ല. തോൽവിക്ക് കാരണം അദ്ദേഹം മാത്രമാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. പിണറായി വിജയൻ മാറിനിൽക്കണമെന്ന തരത്തിലുള്ള യാതൊരുവിധ ചർച്ചകളും പൊളിറ്റ് ബ്യൂറോയിൽ (PB) നടന്നിട്ടില്ല.
ഇത്തരം വാർത്തകളെല്ലാം മാധ്യമങ്ങളുടെ സങ്കല്പം മാത്രമാണെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിണറായി വിജയന്റെ ജനപിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്നും പാർട്ടിയും ഭരണകൂടവും ഒത്തൊരുമയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.