ദൈവം കേരളത്തിനുനൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ; വാസവൻ
ദൈവം കേരളത്തിനുനൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മന്ത്രി വി.എൻ. വാസവൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
മണിപ്പുർ കത്തികരിയുമ്പോൾ, പള്ളികൾക്ക് തീയിടുമ്പോൾ ഹരിയാനയിൽ പള്ളികൾക്ക് തീയിടുമ്പോൾ, ഡൽഹിയിൽ പള്ളികൾക്ക് തീയിടുമ്പോൾ ക്രിസ്മസ് കരോളുമായി പോകുന്നവരെ അക്രമിക്കുമ്പോൾ ക്രിസ്മസ് കരോൾ സംഘങ്ങൾക്ക് ഭയപ്പെടാതെ നടക്കാൻ പറ്റുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അഭിമാനത്തോടെ പറയും. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യൻ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാൽ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. എന്താണ് കേരളത്തിന് അങ്ങനെ സംഭവിക്കാൻ കാരണം? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എടുത്തുവരുന്ന നയസമീപനങ്ങൾ എടുക്കുമ്പോൾ അത് മതനിരപേക്ഷതയുടെ ഉള്ളടക്കമാണ്. മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സർക്കാർ ഉയർത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണ്.
നവകേരള സദസ്സിനെ എതിർക്കുന്തോറും കൂടുതൽ ആവേശത്തോടെ ജനങ്ങൾ എത്തിച്ചേരുകയാണ്. ഇന്നലെ വരെ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന, കേറിക്കിടക്കാനിടമില്ലാതിരുന്ന ഇന്നലെ വരെ ബന്ധുജനങ്ങളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പുറമ്പോക്കുകളിലും റെയിൽവെ സ്റ്റേഷനിലും കിടന്നിരുന്ന നാലുലക്ഷത്തിൽപരമാളുകൾക്ക് കയറിക്കിടക്കാൻ ഒരു കൂരയുണ്ടായി. ആ കൂരയുണ്ടായത് പിണറായി സർക്കാരിന്റെ ഈ കഴിഞ്ഞ ഏഴു വർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഫലമാണെങ്കിൽ ആ ഫലം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. അതാണ് നവകേരളം കെട്ടിപ്പടുക്കുന്ന രംഗത്തെ സർക്കാരിന്റെ വീക്ഷണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നു അതാണ് നവകേരളം. 1600 രൂപ പെൻഷൻ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അത് കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രഗവൺമെന്റ് പിണറായി സർക്കാരിനോട് പറയുന്നു. ഈ സർക്കാർ ഉള്ള കാലം വരെയും കേരളത്തിലെ പാവങ്ങൾക്ക് പെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ നാട്ടിൽ നിന്നാരും വിദേശത്തേക്ക് പൊകാതെ അവർ തൊഴിൽദായകരാകുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസം മാറി. കേരളത്തിൽ അതിദരിദ്രരായി ആരുമുണ്ടായിരിക്കാൻ പാടില്ലെന്നാതാവണം ആത്യന്തിക ലക്ഷ്യമെന്നാണ് ആദ്യ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. റോഡും പാലവും കലുങ്കും മാത്രമല്ല വികസനം. നാലുലക്ഷത്തിൽപരം വീടുകൾ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ല. എന്നാൽ എഴുപത്തയായ്യിരം രൂപ തരുന്നതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ പടം ലൈഫ് ഭവനങ്ങളിൽ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരം.
കോൺഗ്രസിനെന്തായാലും കേരളത്തിൽ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സുധാകരൻ ബി.ജെ.പി.ക്ക് വേണ്ടി കവാടങ്ങൾ തുറന്നിടുന്ന രംഗം കഴിഞ്ഞ കാലളവിൽ നമ്മൾ കണ്ടു. അത് അനുസ്യൂതം തുടരുകയാണ്. ഞങ്ങളുടെ വാഹനങ്ങൾ തടയാൻ ചിലർ കറുത്ത കൊടിയുമായി വരികയാണ്. ഏതെങ്കിലും തരത്തിലുള്ള പതാകയോ മറ്റോ അവരുടെ കൈയിലുണ്ടോ. അപ്പോൾ കറുത്ത തുണിയുമായി ഒരാൾ ചാടിയാൽ അയാളൊരു ടെററിസ്റ്റാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ.
കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങൾ ഇരമ്പിയാർക്കുന്നത്. അമ്മമാർ സീരിയൽ കാണാൻ വന്നിരിക്കുന്നത് പോലെ കോവിഡ് കാലത്ത് ജനങ്ങൾ
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കാതോർക്കുമായിരുന്നു. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കർമ്മയോഗി കേരളത്തെ സംരക്ഷിക്കാൻ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഫിലിപ്പോസ് ക്രിസ്റ്റോസം തിരുമേനിയെ കാണാൻ പോയിരുന്നു. അദ്ദേഹത്തെ പരിശോധിച്ച് തിരിച്ചിറങ്ങുമ്പോ അദ്ദേഹം പറഞ്ഞു ഈ വെള്ളപ്പൊക്കത്തിൽ ഞാൻ പോകുമെന്ന് വിചാരിച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളത് കൊണ്ടാണ് ഞാൻ ജീവിച്ചത്. അദ്ദേഹം കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ സതീശനല്ല സുധാകരനല്ല നിങ്ങൾ ഒന്നടങ്കം വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും- വാസവൻ പറഞ്ഞു.