പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; പിബി തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം
സിപിഎമ്മിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത പോളിറ്റ് ബ്യൂറോ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും, അതെല്ലാം തള്ളിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിച്ചത്.പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിയെ കുറിച്ച് യോഗത്തിൽ വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തമായ പ്രതിപക്ഷ പ്രവർത്തനം ആവശ്യമാണ് എന്ന വിലയിരുത്തലോടെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം നിലനിർത്തിയത്.
ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായ മുഖങ്ങളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന നിർദേശവും കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു. പാർട്ടി നിലപാടുകൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നും നിർദേശമുണ്ടായി. കെ.കെ. ശൈലജയും കെ. രാധാകൃഷ്ണനും ജനസ്വീകാര്യതയുള്ള നേതാക്കളാണെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നതായി വിവരം.കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചില്ല. പരാജയത്തിന്റെ കാരണങ്ങൾ കൂടുതൽ ആഴത്തിൽ പരിശോധിക്കണമെന്നും കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങൾ വിശദമായി വിലയിരുത്തണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചു.ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടൻ വിളിച്ചുചേർത്ത് വിശദമായ അവലോകനം നടത്തുമെന്നും സൂചനയുണ്ട്